ഹിജാബിൻ്റെ പേരിൽ വിദ്യാഭ്യാസം തടയുമ്പോൾ...


രാജ്യം ഏറ്റവും പരിതാപകരമായ അവസ്ഥയിലൂടെയാണ് ഓരോ ദിനവും കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ഓരോ പൗരനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നുണ്ട്.ഇത് പ്രകാരം ഇവിടം ജീവിക്കുന്നവർക്കെല്ലാം അവനവൻ്റെ മതം അനുഷ്ടിക്കാനും തൻ്റെ മതം നിയമങ്ങൾക്കനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. ആ സ്വാതന്ത്ര്യത്തെ മൗലികവകാശമായി ഭരണഘടന ഉറപ്പും നൽകുന്നു. ഇന്ത്യാ മഹാരാജ്യത്തിൻ്റെ സൗന്ദര്യം തന്നെ ഭരണഘടനാ നൽകുന്ന സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം ഭക്ഷണത്തിലും ,പാർപ്പിടത്തിലും ,ആചാര അനുഷ്ടാനങ്ങളിലും ,മതകീയ ചിന്തകളിലും വേശവിധാനത്തിലും നൽകുന്നുണ്ട്.




ഹിജാബ് ധരിച്ചതിൻ്റെ പേരിൽ വിദ്യാഭ്യാസം ഹനിക്കുന്ന നീചമായ നരകതുല്യ കാഴ്ച്ച , പൗരൻ്റെ അവകാശ ധ്വംസനത്തിൻ്റെ നേർകാഴ്ച്ചയാണ് ഇവിടെ സുവ്യക്തമാകുന്നത്. ഓരോ വ്യക്തിയുടെയും വസ്ത്രാവകാശവും മതവാകാശവും വിദ്യാഭ്യാസം തടയാൻ കാരണമായാൽ നാളെ ഈ രാജ്യത്തെ ജീവിതം തന്നെ ഭയാനകരമാവും എന്ന കാര്യത്തിൽ നാം സംശയിക്കേണ്ടതില്ല. വർഗീയത വിഷം ചീറ്റി മതമൗലികാവകാശത്തെ ചൂഷണം ചെയ്യുമ്പോൾ അതിനെതിരെ ചൂണ്ട് വിരൾ ചലിപ്പിക്കേണ്ട ബാധ്യത രാജ്യത്തെ ഓരോ വ്യക്തിക്കുമുണ്ട്.കാരണം രാജ്യത്തിൻ്റെ സമാധാനാന്തരീക്ഷമാണ് ഇവിടെ ഇല്ലാതാവുന്നത്.




സാധാരണ വസ്ത്രം പോലെ തന്നെയുള്ള ഒരു വസ്ത്രം .അതിലപ്പുറം എന്ത് ഭയാനകതയാണ് ഹിജാബിലുള്ളത്. ഇഷ്ടമുള്ള വസ്ത്രവും ,ഭക്ഷണവും ഒളിച്ചിരുന്നു കഴിക്കുകയും ,ധരിക്കുകയും ചെയ്യേണ്ട ഭീതജനഗമായ അവസ്ഥയാണ് നവ ഇന്ത്യയിലെ മുസ്ലിം സമൂഹം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. ഓരോരുത്തരുടെയും വിശ്വാസങ്ങളും രീതികളും പരസ്പരം ഉൾക്കൊണ്ടും ബഹുമാനിച്ചും നാമിത്രയും കാലം ജീവിച്ച സമത തുല്യതയ്ക്ക് വലിയ ദുരന്തം സൃഷ്ടിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.




ചെറുപ്രായത്തിൽ തന്നെയുള്ള ഈ ഒരു വർഗീയ വേർതിരിവ് കുട്ടികളുടെ മനസ്സിൽ അപരവിദ്വേഷം നട്ടാൽ ഭാവിയിലുണ്ടാകുന്ന ഭവിഷ്യത്ത് പൂർണ്ണ വർഗീയതയാണെന്ന് ഭരണ കർത്താക്കൾ ചിന്തിക്കണം. മറ്റുള്ളവരെ കണ്ടു കൂടാത്ത ഒരു തലമുറ വളർന്നു വന്നാൽ എല്ലാവർക്കുമിടയിൽ വിഭാഗീയതയുടെ മതിൽ കെട്ടാണ് വളർന്നു വരിക. മാത്രവുമല്ല ഇന്ത്യയുടെ പൈതൃകവും ,പാരമ്പര്യവും ,മനോഹാരിതയും ഇവിടെ തകർന്നടിയുകയും ചെയ്യും.


ഹിജാബിനകത്ത് നിന്ന് അവൾ ചൂണ്ടുന്ന കൈ ഇവിടത്തെ ഓരോ ഭരണാധികാരികൾക്കും നേരയാണ്. ഭരണഘടന നൽകുന്ന അവകാശ സംരക്ഷണത്തിന് വേണ്ടിയാണവൾ ശംബ്ദമുയർത്തുന്നത്. സ്വതീരുമാനത്തിൽ ഉറച്ച് നിന്ന് ഭരണഘടനാപ്രകാരം നിയമം നടപ്പിലാക്കാൻ ചങ്കൂറ്റമില്ലാത്ത ഫാസിസത്തിന് കൂടെ നിൽക്കുന്ന പ്രിൻസിപ്പാളും അദ്ധേഹത്തിൻ്റെ കൂടെ കുറച്ച് മണ്ടന്മാരും പഠിപ്പിക്കുന്ന കലാലയത്തെ വിദ്യാഭ്യാസ സ്ഥാപനമെന്ന് വിളിക്കാൻ തന്നെ ലജ്ജയാണ്.


മതവും ജാതിയും സ്ഥാനവും നോക്കാതെ പൊരുതിയ രാജ്യത്തിൻ്റെ പ്രൗഡിയും അഭിമാനവും ഇവിടെ കെട്ടുകഥകളും പഴങ്കഥകളുമായി മാറുന്നത് വലിയ ആശങ്കളാണുള്ളത്.ജീവിക്കുന്ന മനുഷ്യർക്ക് ഇങ്ങനെയൊരു മനോഹരമായ രാജ്യമുണ്ടെന്ന് ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് ദിനം തോറും രാജ്യം കൂപ്പു കുത്തുന്നത്. മുസ്ലിം പെൺകുട്ടികൾ ധരിക്കുന്ന ഹിജാബ് കണ്ട് ഇവർ എന്തിനാണ് ബഹളം ഉണ്ടാക്കുന്നതെന്ന് മനസ്സിലാവുന്നില്ല.തലയിൽ മുറുകിക്കെട്ടുന്ന സിക്ക് സഹോദരന്മാരോടും ,നെറ്റിയിൽ കുറിയിടുന്ന ഹൈന്ദവ സഹോദരങ്ങളോടും കഴുത്തിൽ ഏശുവിൻ്റെ കുരിശ് തൂക്കുന്ന ക്രിസ്തീയ സഹോദരങ്ങളോടും ഇവർക്ക് തോന്നാത്ത അമർഷവും വെറുപ്പുമാണ് മുസ്ലിം പെൺകുട്ടികളോട് മാത്രം തോന്നത് .തലയിൽ ഭ്രാന്ത് പോലെ നിറഞ്ഞ് നിൽക്കുന്ന മത ഭ്രാന്ത് മാത്രം എന്നെ മറുപടി പറയാനാകൂ. അതല്ലെങ്കിൽ പെണ്ണിൻ്റെ തൊലി കണ്ട് ആസ്വദിക്കാനുള്ള ഞരമ്പ് രോഗം മാത്രമാണ്. ഇതിനുള്ള ചികത്സ ലോകത്ത് ഒരു ആതുരാലയത്തിനകത്തും നിന്നും ലഭ്യവുമല്ല. എല്ലെങ്കിൽ സ്വമേധയാ മണ്ണിലലിഞ്ഞ് വിവരവും മനുഷ്യ ബോധവും ഉത്തരവാദപ്പെട്ടവർക്ക് വരേണ്ടതുണ്ട്.


ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഹിജാബ് ധരിച്ചതിൻ്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥിനികൾക്കൊപ്പം ആ കോളേജിലെ അമുസ്ലിം വിദ്യാർത്ഥികളോ ,അധ്യാപകരോ ആശ്വാസവുമായി ,പിന്തുണയുമായി ചെന്നില്ല എന്നതാണ്. ഭരണഘടനാപരമായ ലംഘനം ആരെയും അലോസരപ്പെടുത്തുകയോ കണ്ണ് തുറപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ സമരമുഖത്ത് അവകാശ ധ്വംസനത്തിനെതിരെ ആരെയും പ്രതീക്ഷിക്കാതെ അവർ തുടരുകയും ചെയ്യുന്നു. ഈ കാടത്ത നിയമമൂലം,ഭരഘടനാ ലംഘനം നടത്തുന്നവർ വിദ്യാർത്ഥികൾ ചരിത്രം സൃഷ്ടിക്കുമ്പോൾ മേലാധികാരികൾക്ക് പത്തി മടക്കേണ്ടിവരുമെന്ന കാര്യം മനസ്സിലാക്കണം.അത് കൊണ്ട് ഇന്ത്യയുടെ മഹത്തായ ഭരണഘടന സംരക്ഷിച്ച് സമരം ചെയ്യുന്ന പെൺകുട്ടികൾക്കൊപ്പം നിൽക്കേണ്ടത് ഒരോ പൗരൻ്റെയും ബാധ്യതയാണ്.


    എന്നു മുതലാണ് ഹിജാബ് ഇന്ത്യൻ മതേതരത്വത്തിന് അശുഭകരമായി തോന്നിത്തുടങ്ങിയത് .? ഇന്ത്യൻ ഭരണഘടന വകവെച്ചു നൽകുന്ന അടിസ്ഥാന വേഷ അവകാശം പോലും നേടിയെടുക്കാൻ ഒരു സമുദായത്തിന് മാത്രം ഗേറ്റിൽ കാത്തു നിൽക്കേണ്ട അവസ്ഥ വളരെ പരിതാപകരം തന്നെയാണ്.കർണാടകയിലെ ആ പെൺകുട്ടികൾക്ക് ഇന്ന് നമ്മൾ നൽകുന്ന പിന്തുണ കേവലം വസ്ത്രം ധരിക്കാൻ മാത്രമല്ല ,ഒരു സമുദായത്തിനിടയിൽ സംഘ് പരിവാർ ദീർഘ കാലത്തേക്ക് സൃഷ്ടിക്കാൻ ശ്രമിക്കുന്ന അരക്ഷിതബോധങ്ങളെ പ്രതിരോധിക്കൽ കൂടിയാണ്.



ഇത്തരം മൗലികവകാശങ്ങൾ ക്കെതിരെ, കഠാര കുത്തിവെച്ച് സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാത്ത ഇത്തരം നടപടികൾ കുറച്ച് നാളുകളായി രാജ്യത്ത് ആവർത്തിച്ച് കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയിൽ നിന്ന് ഒരു സമുദായത്തെ പുറകോട്ട് നടത്താനുള്ള സംഘ് പരിവാറിൻ്റെ ആസൂത്രിത നീക്കങ്ങളാണ് അണിയറകൾക്കുള്ളിൽ ആവിഷ്കരിക്കുന്നത്.ഇതിൻ്റെ പിന്നാലെ തന്നെ കേരള സർക്കാർ എസ്.പി.സിയിൽ ഹിജാബ് അനുവദിക്കില്ലെന്ന ഉത്തരവും ഇതിൻ്റെ മറ്റൊരു പരിവേഷമായി തന്നെ കാണക്കാക്കണം.


മതാടിസ്ഥാനത്തിൽ ഒരാൾക്കും വിദ്യാഭ്യാസത്തെ നിഷേധിക്കാനോ ,തടഞ്ഞ് വെക്കാനോ അവകാശമിവിടെയില്ല .എല്ലാ മതവിഭാഗങ്ങൾക്കും ഭരണഘടന അവരവരുടെ അവകാശങ്ങൾക്കനുസരിച്ച് എല്ലാം വക വെച്ചു നൽകുന്നുണ്ട്. രാജ്യത്തെ വൈവിധ്യങ്ങൾ ധ്വംസിക്കപ്പെടാൻ ഒരിക്കലും അനുവദിക്കരുത്. എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളാനും ,അംഗീകരിക്കാനും രാജ്യത്തെ മതേതരത്വം നമ്മെ പഠിപ്പിക്കുന്നു. മത ചിന്തകൾക്കതീതമായി ഐക്യത്തോടെ, പരസ്പര സാഹോദര്യത്തോടെ ഭാരതത്തിൻ്റെ സുന്ദരമായ പൈതൃകവും വൈവിധ്യമായ ആശയങ്ങളും ,വിശ്വാസങ്ങളും മാനിച്ച് ഇനിയുമൊരുപാട് മുമ്പോട്ട് കൊണ്ട് പോകാൻ ഇത്തരം വർഗീയ ഫാസിസ വിഷം ചീറ്റുന്ന ഭരണാധികാരികളെ പുറം കാല് കൊണ്ട് ചവിട്ടിമെതിക്കേണ്ടിയിരിക്കുന്നു. ഒരു സമുദായത്തിൻ്റെ മേൽ അടിച്ചേൽപ്പിക്കുന്ന ഇത്തരം ഗൂഢനീക്കൾക്കെതിരെ ശംബ്ദിക്കാൻ നാം ഓരോരിത്തരും മുന്നോട്ട് വരണം. പേടിപ്പെടുത്തലുകൾക്കൊണ്ട് വിശുദ്ധ ഖുർആൻ പറഞ്ഞ ,ആദരിച്ച മതത്തിൻ്റെ ചിഹ്നങ്ങളെ വലിച്ചെറിയാൻ വിശ്വാസിനിയായ മുസ്ലിം സ്ത്രീയെ കൊണ്ടാവില്ല.

Comments

Post a Comment